2010, ഡിസംബർ 11, ശനിയാഴ്‌ച

ശാസ്താംകോട്ട കായലും ജലനിരപ്പും.

ഇടക്കിടെ മലയാളം പത്രങ്ങളില്‍ കാണാറുള്ള ഒരു വാര്‍ത്തയാണ് ശാസ്താംകോട്ട കായലിന്റെ ജലനിരപ്പ്‌ താഴുന്നു എന്നും മലിനമാവുന്നു എന്നും. നമ്മുടെ നിയമ സഭയിലും ഇതിനെക്കുറിച്ച്‌ ചര്‍ച്ച വന്നിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പലപ്പോഴും നാം കണ്ടില്ല എന്ന് നടിക്കുകയാണ്. ജലനിരപ്പ്‌ താഴുന്നതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത് മണ്ണൊലിപ്പ് ആണ്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ശാസ്താംകോട്ടക്കും സമീപ പ്രദേശങ്ങളിലും യാത്ര ചെയ്യുക വഴി എനിക്ക് മനസ്സിലായ മറ്റു ചില വസ്തുതകള്‍ ഇവിടെ പറയുന്നു.
1 . കല്ലടയാറിന്റെ ജലനിരപ്പ്‌. ശാസ്താംകോട്ട കായലിന്റെ കിഴക്ക് ഭാഗം ഒരു ബണ്ട് നിലവിലുണ്ട്. അതിനും കുറച്ചു ദൂരെ ആയി കല്ലട ആറു ഒഴുകുന്നു. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം കല്ലടയാറിന്റെ ജലനിരപ്പ്‌ കഴിഞ്ഞ പതിനഞ്ച് - ഇരുപത് വര്‍ഷങ്ങളായി താണ് കൊണ്ടിരിക്കുകയാണ്. ഇത് സമീപ പ്രദേശങ്ങളിലെ 'ഗ്രൌണ്ട് വാട്ടര്‍ ടേബിള്‍ ' താഴുവാനും ഇടയാക്കുന്നുണ്ട് . സ്വാഭാവികമായും കല്ലട ആറിന്റെ ജലനിരപ്പ്‌ താഴുന്നത് ശാസ്താംകോട്ട കായലിന്റെ ജലനിരപ്പ്‌ താഴാന്‍ ഇടയാക്കുന്നു. പ്രധാനമായും ബണ്ടിനു അപ്പുരതെക്കുള്ള നീര്‍ വാര്‍ച്ച. എന്നാല്‍ മണല്‍ വാരലിനു നിയത്രണങ്ങള്‍ തീരെ കുറവാണു. അന്ഗീകൃത കടവുകളില്‍ നിന്ന് പോലും അനുവദനീയം ആയതിനും അപ്പുറം ലോഡു മണല്‍ ആണത്രേ ഇവിടെ നിന്നും കടത്തുന്നത്. ഏനാത്ത്(എനാദിമംഗലം), മണ്ണടി , ഐവര്കാല, തുരുത്തിക്കര, കല്ലട എന്നിങ്ങനെ പലയിടത്തും മണല്‍ മാഫിയ ശക്തമാണ്. അനുവദിക്കുന്ന ഒരു പാസ്സിന് നാലും അഞ്ചും ലോഡു മണല്‍ ചിലയിടങ്ങളില്‍ കടത്താറുണ്ട്. ചില ഉദ്യോഗസ്ഥരും ചില പാര്‍ട്ടി നേതാക്കളും ഇതിനു ഒത്താശ ചെയ്യുന്നു. ആറ്റുതീരത്തെ മന്തിട്ടകള്‍ ഇടിച്ചു വെള്ളത്തില്‍ കലക്കിയും ചിലയിടങ്ങളില്‍ 'മണല്‍ നിര്‍മാണം' സജീവമാണ്. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം വേനല്‍കാലത്ത്‌ നടന്നു അക്കരെ പോകാന്‍ പറ്റുന്ന പല കടവുകളും ഇവിടങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇന്ന് അവിടമെല്ലാം 6 - 8 മീറ്റര്‍ ആഴമുള്ള കയമായി മാറിയെന്നു പരിസരവാസികള്‍ പറയുന്നു.
2 . മണ്ണൊലിപ്പ്. ശാസ്താംകോട്ട കായലിന്റെ സമീപ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്നോളിപ്പിന്റെ ആക്കം കൂട്ടുന്നു. പല നടപടികളും കൈക്കൊണ്ടു എങ്കിലും അതൊന്നും പ്രതീക്ഷിച്ചത്ര ഫലവത്തായില്ല എന്ന് അഭിപ്രയമുള്ളവരെ കണ്ടു.
കായല്‍ മലിനമാവുന്നതിന്റെ കാരണങ്ങള്‍. ഓട കായലിലേക്ക് തുറന്നു വിടുന്നത് ഒരു പ്രധാന കാരണം ആണ് . അതുപോലെ ശാസ്താംകോട്ട കോളേജ് റോഡില്‍ ചിലയിടങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് തടയേണ്ടതാണ്. പ്രത്യേകിച്ചും ആഴ്ച ചന്ത ഉള്ള ദിവസങ്ങളില്‍. മുന്‍പ് ഒരിക്കല്‍ ചിലര്‍ സെപ്ടിക് ടാങ്ക് മാലിന്യം കായലില്‍ തള്ളിയത് വാര്‍ത്ത ആയിരുന്നു.
തടാക സംരക്ഷണത്തിനു ശക്തമായ നടപടികള്‍ എടുക്കാത്ത പക്ഷം, കൊല്ലം ജില്ലയിലെ നല്ല ഒരു ഭാഗം ആളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന,കേരളത്തിലെ ഈ ശുദ്ധ ജല തടാകം അടുത്ത ദശകങ്ങളില്‍ ഉപയോഗ ശൂന്യമാകും.
ഓടോ :ഏനാത്ത്(എനാദിമംഗലം), മണ്ണടി , ഐവര്കാല, തുരുത്തിക്കര, കല്ലട ഭാഗങ്ങളില്‍ ഇന്‍കം ടാക്സ് വിഭാഗം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കഴിഞ്ഞ ഒരു വര്ഷം കൊണ്ടു അഞ്ചും പത്തും ലോറികളും ആഡംബര കാറുകളും മിക്ക മണല്‍ കടത്തുകാരും സ്വന്തമാക്കിയിട്ടുണ്ട്.